This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്റീന്‍ VII

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സ്റ്റന്റീന്‍ VII

Constantine VII (905 - 909)

ബൈസാന്തിയന്‍ ചക്രവര്‍ത്തി. കോണ്‍സ്റ്റന്റീന്‍ പോര്‍ഫിറോജെനിറ്റസ്‌ (Porphyrogenitus)എന്നാണ്‌ ഔദ്യോഗിക നാമധേയം. ബൈസാന്തിയന്‍ സാമ്രാജ്യത്തേയും അതിന്റെ അയല്‍ സംസ്ഥാനത്തേയും കുറിച്ചുള്ള കോണ്‍സ്റ്റന്റീനിന്റെ രചനകള്‍ ശ്രദ്ധേയങ്ങളാണ്‌. ബൈസാന്തിയന്‍ പ്രഭുവര്‍ഗത്തിന്റെ പ്രത്യേക സ്വഭാവ സവിശേഷതകളും ആദര്‍ശങ്ങളും വിഡ്‌ഢിത്തങ്ങളും വ്യക്തമായി എടുത്തുകാണിക്കുന്ന വിമര്‍ശകന്‍ കൂടിയായിരുന്നു ഇദ്ദേഹം.

ലിയോ VI-ാമന്റെ മകനായി 905-ല്‍ ജനിച്ചു. 911-ല്‍ ഇദ്ദേഹം സഹചക്രവര്‍ത്തിയായി അഭിഷിക്തനായി. എന്നാല്‍ 912-ല്‍ ലിയോ ചക്രവര്‍ത്തി മരിക്കുകയും 913-ല്‍ കോണ്‍സ്റ്റന്റീനിന്റെ ഏഴാമത്തെ വയസ്സില്‍ ചക്രവര്‍ത്തിയായി അവരോധിക്കപ്പെടുകയും ചെയ്‌തു. റീജന്റായി പ്രവര്‍ത്തിച്ച പാത്രിയാര്‍ക്കീസ്‌ നിക്കോളാസിനു ബൈസാന്തിയന്‍ സൈന്യത്തെ നേരത്തെ പരാജയപ്പെടുത്തിയിരുന്ന ബള്‍ഗേറിയയിലെ സാര്‍സിമോണുമായി ഒരു കരാറില്‍ എത്തേണ്ടിവന്നു. സിമോന്റെ പുത്രിയെ ചക്രവര്‍ത്തി വിവാഹം കഴിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഒരു കൊട്ടാരവിപ്ലവത്തില്‍ ഈ കരാര്‍ അലസിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ്‌ സിമോണ്‍ ഉന്നയിച്ച ബൈസാന്തിയന്‍ ചക്രവര്‍ത്തി പദത്തിനുള്ള അവകാശം അയാളെക്കൊണ്ട്‌ ഉപേക്ഷിപ്പിക്കുവാന്‍ പാത്രിയാര്‍ക്കീസിന്‌ കഴിഞ്ഞത്‌. ഈ വിജയത്തിനു പ്രവര്‍ത്തിച്ച ബൈസാന്തിയന്‍ സൈന്യാധിപന്‍ റോമനസ്‌ ലെക്കാപെനസ്‌ (Romanes Lecapenus) കോണ്‍സ്റ്റന്റീനെക്കൊണ്ടു തന്റെ പുത്രിയെ 919-ല്‍ വിവാഹം ചെയ്യിപ്പിക്കുകയും തന്നെ സഹചക്രവര്‍ത്തിയായി അംഗീകരിപ്പിക്കുകയും ചെയ്‌തു. ഇതോടെ ഭരണരംഗത്തുനിന്നും രാഷ്‌ട്രീയ രംഗത്തുനിന്നും ക്രമേണ കോണ്‍സ്റ്റന്റീന്‍ പിന്‍വാങ്ങുകയും വിജ്ഞാനമേഖലയില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്‌തു. 40 വയസ്സ്‌ വരെ സാഹിത്യരചനയില്‍ മുഴുകിയ ഇദ്ദേഹം 40-ാമത്ത വയസ്സില്‍ സ്വതന്ത്രനായ ചക്രവര്‍ത്തിയായി സ്ഥാനമേറ്റു. ഡി തിമാറ്റിബസ്‌ (De Thematibus)എന്ന ആദ്യ കൃതിയാണ്‌ സാമ്രാജ്യത്തിന്റെ ആദ്യ ചരിത്രം. പിതാമഹനായ ബെസീലിയസ്‌ I-നെക്കുറിച്ചുള്ള ഗ്രന്ഥം സാമ്രാജ്യസ്ഥാപകനെക്കുറിച്ചു വിലയിരുത്തുന്നു. മറ്റൊരു കൃതിയായ ഡി അഡ്‌മിനിസ്റ്റ്രാന്‍ഡൊ ഇംപീരിയോ (De Administrando imperio) ഇദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ്‌. അന്തര്‍ദേശീയ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ഈ ഗ്രന്ഥം സ്ലാവ്‌, ടര്‍ക്കിഷ്‌ ജനതയെക്കുറിച്ചുള്ള ഒരു ആധികാരിക രേഖകൂടിയാണ്‌. രചിച്ചതില്‍ ഏറ്റവും സുദീര്‍ഘമായതും ബൈസാന്തിയന്‍ ജനതയുടെ വികാരങ്ങള്‍ സ്‌ഫുരിപ്പിക്കുന്നതുമായ ഡി സെറിമോണിറ്റിസ്‌ ഔലെ ബൈസാന്തിനെ (De Ceremonitis aulae Byzantinae) എന്ന കൃതി വിദേശിയരുടെ ദൃഷ്‌ടിയില്‍ സാമ്രാജ്യത്തെ മനോഹാരിതയുടെയും സുഭിക്ഷതയുടെയും മൂര്‍ത്തിമദ്‌ഭാവമായി കാണിക്കുവാനുള്ള ജനതയുടെ നിര്‍ബന്ധബുദ്ധിയെയും ജനത ചക്രവര്‍ത്തിയെ ഈശ്വരതുല്യം ഉയര്‍ത്തിയ വേളകളെയും കുറിച്ചു വിവരിക്കുന്നു. ഉത്തരദേശത്തെ അപരിഷ്‌കൃത ജനതയുമായും പാശ്ചാത്യരാഷ്‌ട്രങ്ങളുമായും ആരോഗ്യകരമായ ബന്ധം പുലര്‍ത്തുവാന്‍ ഈ ഗ്രന്ഥം ചക്രവര്‍ത്തിയെ വളരെയേറെ സഹായിച്ചതായി കരുതപ്പെടുന്നു. ബൈസാന്തിയന്‍ ജനതയുടെ രാജ്യസ്‌നേഹത്തിന്റെ ശാശ്വത സ്‌മാരകമായ ഈ ഗ്രന്ഥം പ്രാദേശിക ഭാഷാപോഷണത്തിനു വളരെയേറെ സഹായം നല്‌കിയിട്ടുണ്ട്‌. മറ്റനേകം ബൃഹദ്‌ഗ്രന്ഥങ്ങളും ചക്രവര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. കോണ്‍സ്റ്റാന്റിനോപ്പിള്‍ സര്‍വകലാശാലയിലേക്കു വിദ്യാര്‍ഥികളേയും അധ്യാപകരേയും തെരഞ്ഞെടുക്കുന്നതിലും അവര്‍ക്കു വേണ്ടത്ര അംഗീകാരങ്ങള്‍ നല്‌കുന്നതിലും വിജ്ഞാനപോഷണത്തിലും എന്നും അത്യുത്സാഹം കാണിച്ച ചക്രവര്‍ത്തി ലളിതകലകളിലും യന്ത്രനിര്‍മാണ ശാസ്‌ത്രത്തിലും അവഗാഹം നേടിയിരുന്നു.

ചക്രവര്‍ത്തിയുടെ പത്‌നീസഹോദരന്മാര്‍ ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്‌ടനാക്കി അധികാരം പിടിച്ചെടുക്കാന്‍ 944-ല്‍ നടത്തിയ ശ്രമം ജനസഹായത്തോടെ ചക്രവര്‍ത്തി വിഫലമാക്കി. 959-ല്‍ കൊല്ലപ്പെടുന്നതുവരെ സ്വതന്ത്രനായി ഭരിച്ചു. എന്നാല്‍ ഭരണരംഗത്തും സൈനികരംഗത്തും തുല്യമായ സ്വാധീനം ചെലുത്തി അധികാരം നിലനിര്‍ത്തുന്നതിനു ചക്രവര്‍ത്തി ശ്രമിച്ചില്ല. റഷ്യയുമായി സ്‌നേഹബന്ധവും ബള്‍ഗേറിയയുമായി സമാധാനവും ഇറ്റലിയുമായി ലൗകികബന്ധവും സ്ഥാപിച്ച്‌ രാജ്യത്തിനു നേതൃത്വം നല്‌കാന്‍ കോണ്‍സ്റ്റാന്റീന്‍ VII-ന്‌ കഴിഞ്ഞു.

(ഡോ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍